സ്ഥാപന ചരിത്രം
ചരിത്രം
പെരിയാറിന്റെ പവിത്രമായ തീരത്ത് ചരിത്രവും പ്രകൃതിയും സംസ്കാരവും ഇഴചേർന്ന വേങ്ങൂർ ഗ്രാമത്തിന്റെ ചരിത്രപശ്ചാത്തലം.
വേങ്ങൂർ എന്ന പേരിന്റെ ചരിത്രം
മാനവ ചരിത്രം വീണുറങ്ങുന്ന പെരിയാറിന്റെ പവിത്രമായ തീരത്ത് ആലോലമാടി ആലസിച്ച് അലിഞ്ഞ് നില്ക്കുന്ന മനോഹരമായ ഭൂപ്രദേശമാണ് വേങ്ങൂർ ഗ്രാമം. പടുകൂറ്റൻ വേങ്ങ മരങ്ങൾ എമ്പാടും ഇടതൂര്‍ന്ന് വളര്‍ന്നു നിന്നിരുന്ന പ്രദേശമായിരുന്നതിനാൽ വേങ്ങയുടെ ഊര് എന്നര്‍ത്ഥം വരുന്ന വേങ്ങൂർ എന്ന പേര് വീണുകിട്ടി എന്നാണ് പഴമക്കാർ പറയുന്നത്.
കൃഷിയുടെ വ്യാപനം
വനപ്രദേശമായിരുന്ന വേങ്ങൂർ ഗ്രാമത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെതന്നെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷി വ്യാപിച്ചിരുന്നു. കുന്നിന്‍പ്രദേശങ്ങളുടെ ഇടയ്ക്കുള്ള ചാല് പ്രദേശങ്ങളും വെള്ളച്ചാലുകളും പാടശേഖരങ്ങളായി മാറ്റുകയും പാടശേഖരങ്ങളുടെ ഇരുകരകളിലുള്ള പ്രദേശങ്ങൾ മാലിക്കണ്ടങ്ങളായി അടിച്ചുനിരത്തുകയും കുളങ്ങൾ കുഴിച്ച് തിലാവ് കെട്ടി തേകി ഇരുപ്പൂനിലങ്ങളാക്കി കൃഷി ചെയ്തു പോന്നിരുന്നു. കുന്നിന്‍പ്രദേശങ്ങളിലും ചെരിവുപ്രദേശങ്ങളിലും കശുമാവുകൃഷി വ്യാപകമായിരുന്നു.
ഇഞ്ചിപ്പുല്കൃഷിയും പ്രാദേശിക പ്രത്യേകതകളും
നെല്ല് കൃഷി ചെയ്തിരുന്ന മാലിപ്പടവുകളും നിരപ്പു കരഭൂമികളും പിന്നീട് ഇഞ്ചിപ്പുല്‍കൃഷി പിടിച്ചടക്കി. ദേശീയ കമ്പോളത്തില്‍ ഈ പഞ്ചായത്തിലെ സിട്രോള്‍ കൂടിയ പുല്‍തൈലത്തിന് ഡിമാന്റ് വന്നതോടുകൂടി ഈ കൃഷി വ്യാപകമായി. പിന്നാമ്പുറങ്ങളിൽ നിറം പിടിപ്പിച്ച നിരവധി കെട്ടുകഥകളും ഐതിഹ്യങ്ങളും പറ്റിച്ചേര്‍ന്ന് നില്ക്കുന്ന വനപ്രദേമായ വെമ്പൂരവും ചൂരമുടിക്കുന്നും പുലയണിപ്പാറയും മുനിപ്പാറയും കോട്ടപ്പാറയും ഈ ഗ്രാമത്തിന്റെ പ്രത്യകതകളാണ്. മഹാഭാരതം കഥയിലെ ബകന് എന്ന രാക്ഷസനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് പെരിയാറിന്റെ കൈവഴികളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിലെ വെമ്പൂരത്തിനുള്ളത്. 42 ഇല്ലക്കാർ താമസിച്ച ഭവനങ്ങളുടേയും ക്ഷേത്രങ്ങളുടേയും അവശിഷ്ടങ്ങള്‍ അവിടെ ഇന്നും ദൃശ്യമാണ്. മുനികള് താമസിച്ചിരുന്ന അറകൾ ഇപ്പോഴും നിലനില്‍ക്കുന്നത് മുനിപ്പാറയുടെ പ്രത്യേകതയാണ്.
ഭൂപ്രകൃതിയും വിസ്തീര്‍ണ്ണവും
248.01 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിൽ കോട്ടപ്പാറയും പെരിയാറിന്റെ വടക്കു ഭാഗത്ത് അതിരപ്പള്ളി വാഴച്ചാല്‍ വരെ വിസ്തൃതമായ വനപ്രദേശവും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്.
ആദിവാസി സമൂഹവും സാമൂഹിക സാംസ്ക്കാരിക മാറ്റങ്ങളും
എറണാകുളം ജില്ലയിലെ ഏക ആദിവാസി കോളനിയായ പൊങ്ങിന്‍ചുവട് ആദിവാസികോളനിയും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. സവര്‍ണ്ണ മേധാവിത്വവും ഫ്യൂഡൽ ജന്മിത്വവും കൊടികുത്തി വാണിരുന്ന വേങ്ങൂർ ഗ്രാമത്തിന്റെ സാമൂഹിക സാംസ്ക്കാരിക ഘടനയില്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കുവാൻ സാധിച്ചു. ഹിന്ദുമതത്തിലെ ജാതികളും ഉപജാതികളും ക്രിസ്തീയമതത്തിലെ വിവിധ വിഭാഗങ്ങളും ചേര്‍ന്നതാണ് വേങ്ങൂർ ഗ്രാമത്തിലെ ജനവിഭാഗം. ഗ്രാമീണജനതയില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു.
ഭൂപരിഷ്കരണ നിയമങ്ങളും സാമൂഹിക പുരോഗതിയും
ഭൂമി ജന്മിമാരുടേയും ദേവസ്വത്തിന്റെയും പാട്ടവാര വ്യവസ്ഥയിൽ ഏറ്റെടുത്ത് കൃഷി ചെയ്തു പോന്നവരിൽ പലര്‍ക്കും ഒരു തുണ്ടു ഭൂമി പോലും സ്വന്തമായിട്ടില്ലായിരുന്നു. എന്നാല്‍ 1957-മുതല്‍ 71 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിൽ രൂപം കൊണ്ട ഭൂപരിഷ്കരണ നിയമങ്ങളുടെ ഫലമായി തൊഴിലാളികളുടേയും സേവന വേതന വ്യവസ്ഥകളിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുള്ളതായി കാണാം.
വിദ്യാഭ്യാസ രംഗത്തെ പുരോഗതി
തിരുവിതാംകൂര്‍ ഗവണ്മെന്റിന്റെ കീഴിലായിരുന്ന വേങ്ങൂർ ഗ്രാമത്തിൽ 1939-മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച പുരോഗതി ഉണ്ടാവുകയും ചെയ്തു. പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പൊങ്ങിന്‍ചുവട് കോളനി ഉള്‍പ്പെടെ മുഴുവൻ പേരും സാക്ഷരരാണ്.